മണ്ണാർക്കാട്: വേനൽച്ചൂട് വർധിച്ചതോടെ കൃഷിയിടങ്ങളിലെ ഉണക്കുഭീഷണി ഒഴിവാക്കാൻ കാഞ്ഞിരപ്പുഴ ജലസേചനപദ്ധതിയുടെ പള്ളിക്കുറുപ്പ് ഉപകനാൽ വീണ്ടും തുറന്നു. കാരാകുർശി പഞ്ചായത്തിലെ പള്ളിക്കുറുപ്പ്, മാങ്ങോട്, കുണ്ടുകണ്ടം, പുല്ലിശേരി ഭാഗങ്ങളിലേക്കു കൃഷിക്കാവശ്യമായ വെള്ളം ലഭ്യമാക്കുന്നതിനായി ഞായറാഴ്ച രാവിലെയാണ് കനാൽ തുറന്നത്.
കാഞ്ഞിരപ്പുഴ പഞ്ചായത്തിലെ കാഞ്ഞിരത്ത് നിന്നും ആരംഭിച്ച് മണ്ണാർക്കാട് നഗരസഭ പരിധിയിലൂടെ കാരാകുർശി പഞ്ചായത്തിലെ പുല്ലിശേരി വരെയാണ് 12 കിലോമീറ്റർ ദൈർഘ്യമുള്ള ഈ ഉപകനാൽ കടന്നുപോകുന്നത്. കൃഷിയിടങ്ങൾക്ക് പുറമെ, ജലനിരപ്പ് താഴ്ന്ന് കനാൽ തീരങ്ങളിലെ കിണറുകളിലും വെള്ളമെത്താൻ ഇതു സഹായിക്കും.
കർഷകരുടെ ആവശ്യപ്രകാരം ജനുവരി 28 ന് ആദ്യഘട്ട ജലവിതരണം നടത്തിയിരുന്നു. പിന്നീട് ജലവിതരണം നിർത്തിവച്ചശേഷം ഒമ്പതാംതിയതി മുതൽ തെങ്കര മേഖലയിലേക്കു വെള്ളം തുറന്നുവിട്ടിരുന്നു. അരകുർശി ഉപകനാൽ വഴിയും ജലവിതരണം നടത്തി. ഇത് ശനിയാഴ്ചയോടെ പൂർത്തിയാക്കിയാണ് പള്ളിക്കുറുപ്പ് ഭാഗത്തേക്ക് വെള്ളം തുറന്നുവിട്ടത്. ഇതിനിടെ ഞായർ, തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ തുടർച്ചയായി ലഭിച്ച വേനൽമഴയും കനാൽ വെള്ളം ലഭിക്കാത്ത കർഷകർക്കും ആശ്വാസമായിട്ടുണ്ട്.